സ്വന്തം പേരു മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തിയെന്ന വിവാദത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനം. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന് അറിയിച്ചു.
കൊവിഡ് ടെസ്റ്റില്‍ വ്യാജ വിവരങ്ങള്‍ നല്‍കിയതിനാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് അഭിജിത്തിനെതിരെ എടുത്തിരിക്കുന്നത്. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിരോധനാ ആക്ട്, എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഭിജിത്തിനെ പോത്തന്‍കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നു. വ്യാജപേരും വിലാസവും നല്കാന് ആരോഗ്യ പ്രവര്‍ത്തകര്‍ ഒത്താശ ചെയ്തെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു.
ഇന്നലെയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരും, മേല്‍വിലാസവും ഉപയോഗിച്ച് കൊവിഡ് പരിശോധന നടത്തിയെന്ന് പോത്തന്‍കോട് പഞ്ചായത്ത് പരാതി നല്‍കുന്നത്. കെ.എം അഭിയെന്ന പേരില്‍ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തില്‍ എത്തി പരിശോധന നടത്തിയെന്നും കൊവിഡ് സ്ഥിരീകരിച്ചതോടെ കാണാനില്ലെന്നുമാണ് പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, പരാതി നിഷേധിച്ച് അഭിജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. തന്നെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പരിശോധനയ്ക്ക് എത്തിയത് സഹഭാരവാഹിയായ ബാഹുലിനൊപ്പമാണെന്നും അഭിജിത്ത് പോസ്റ്റില്‍ വ്യക്തമാക്കി. കൊവഡ് പോസിറ്റീവായതിന് ശേഷം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നും കെ.എം അഭിജിത്ത് പറഞ്ഞു.
പേര് രേഖപ്പെടുത്തിയതില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്കുണ്ടായ പിഴവാണ് വിവാദത്തിന് കാരണമെന്ന നിലപാടില്‍ അഭിജിത്തും ഒപ്പമുള്ളവരും ഉറച്ചു നില്‍ക്കുകയാണ്.


