കോഴിക്കോട്: കൊയിലാണ്ടി ആശുപത്രിയിലെ അനീതി തുറന്നുകാട്ടിയ ഷൈജുവിനെ 11 ദിവസം ജയിലിലിട്ടത് എന്തിനാണെന്ന് പറയാന്‍ പോലീസ് തയ്യാറാവണമെന്ന് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ്. വലിയ തിരക്കുള്ള കൊയിലാണ്ടി ആശുപത്രി ഒപിയില്‍ സി.പി.എം പ്രവര്‍ത്തകരായ ജീവനക്കാര്‍ സ്വന്തക്കാരായ ആളുകളെ വരിതെറ്റിച്ച് കയറ്റിവിടുന്നത് ലോകത്തെ അറിയിക്കാനായി വീഡിയോ എടുത്തു എന്നതാണ് ഷൈജു ചെയ്ത തെറ്റെന്നും ടി സിദ്ദീഖ് പറഞ്ഞു.
പ്രശ്നം പറഞ്ഞ് തീര്‍ക്കാന്‍ എന്ന പേരിലാണ് പോലീസ് ഷൈജുവിനെ പിടിച്ചുകൊണ്ടുപോയത്. പിന്നീട് സ്റ്റേഷനില്‍ വെച്ച് അധിക്ഷേപിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ കള്ളപ്പരാതി നല്കിയ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
“ഷൈജുവിനെതിരെ ചുമത്തിയ കേസ് പിന്‍വലിക്കാന്‍ പോലീസ് തയ്യാറാവണം. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. വിഷയത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. ആദ്യപടിയായി പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തും. ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് പരാതി നല്‍കും.
പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് രോഗിയുമായി ഡോക്ടറെ കാണാനെത്തിയ ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇടത്പക്ഷ ഭരണത്തില്‍ നടക്കുന്നത് സി.പി.എം ഗുണ്ടായിസവും മനുഷ്യാവകാശ ലംഘനവുമാണ്. കോഴിക്കോട് ഓട്ടോ ഡ്രൈവറായ രാജേഷിന്റെ ആക്രണണത്തിന് കാരണം സി.പി.എമ്മിന്റെ ആള്‍ക്കൂട്ട ആക്രമണമാണ്”. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണമെന്നും ടി സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജയില്‍ മോചിതനായ ഷൈജുവും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

