സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ രഹസ്യമായി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സി.സി.ടി.വി ദൃശ്യങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ നന്നാക്കാനുള്ള ആവശ്യം ഉന്നയിച്ച കത്ത് വ്യാജമാണെന്നും അദ്ദേഹം കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കള്ളക്കടത്തുമായി ബന്ധമുള്ള ആളുകള്‍ സെക്രട്ടറിയേറ്റില്‍ കയറി നിരങ്ങി. സെക്രട്ടേറിയറ്റിനകത്തും മുഖ്യമന്ത്രിയുടെ മുറിയിലും സ്വപ്ന ഉള്‍പ്പെടെയുള്ളവര്‍ വന്നിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ബി.ജെ.പി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലായ് 5,6 തിയ്യതികളില്‍ സെക്രട്ടറിയേറ്റില്‍ ഇതിനായുള്ള ശ്രമം നടന്നു. ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ എന്തിനാണ് കസ്റ്റംസ് ചോദിച്ചപ്പോള്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നത്.
സര്‍ക്കാര്‍ അന്വേഷണത്തിനോട് സഹകരിച്ചിരുന്നെങ്കില്‍ അണ്ടര്‍ സെക്രട്ടറിയെ എന്‍.ഐ.എക്ക് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യേണ്ടി വരില്ലായിരുന്നു. അന്വേഷണത്തെ വഴി തെറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓഫീസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും കള്ളക്കടത്ത് സംഘം സന്ദര്‍ശിച്ചത് മറച്ച് വെക്കാനാണ് സി.സി.ടി.വി ക്യാമറ ദൃശ്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചതെന്നും സുരേന്ദ്രന് ആരോപിച്ചു. എന്‍.ഐ.എ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. കള്ളക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ ആര്‍ക്കും ആവില്ല.കേരള സര്‍ക്കാര്‍ നടത്തുന്നത് കോടിക്കണക്കിനു രൂപയുടെ കൊള്ളയാണ്. 90,000 പേര്‍ക്ക് ജോലി നല്‍കാനാകും എന്ന് പറഞ്ഞാണ് സ്മാര്‍ട്ട് സിറ്റി വിഭാവനം ചെയ്തത്.
കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ 246 ഏക്കര്‍ ഭൂയിലെ 30ഏക്കര്‍ വില്‍ക്കാനുള്ള തീരുമാനം ശതകോടികളുടെ അഴിമതി. ഭൂമിവില്‍ക്കാന്‍ ശിവശങ്കര്‍- സ്വപ്ന കൂട്ടുകെട്ട് ശ്രമിച്ചു. കെ.പി.എം.ജിയെ കണ്‍സല്‍ട്ടന്‍സിയായി നിയമിച്ചത് സര്‍ക്കാരിന്റെ അവസാനം കാലത്ത് കാടുംവെട്ട് ലക്ഷ്യമിട്ടാണ്. സ്മാര്‍ട്ട് സിറ്റി ഭൂമി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഇത് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റിന് പരാതി നല്‍കുമെന്നും സുരേന്ദ്രന് പറഞ്ഞു. അധികാരത്തില്‍ കടിച്ച് തൂങ്ങാതെ പിണറായി വിജയന് ഉടന്‍ രാജി വെക്കണം. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികള്‍ പരാജയമായതാണ് കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.


