സ്വര്‍ണ്ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എന്‍.ഐ.എ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നലെ മണിക്കൂറുകളോളം എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും സ്വപ്നയും സരിത്തുമായി സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്നാണ് ശിവശങ്കര്‍ എന്‍.ഐ.എക്ക് മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് വിവരങ്ങളെല്ലാം ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്ന സരിത്തിന്റെ മൊഴി ശിവശങ്കര്‍ നിഷേധിക്കുകയും ചെയ്തിരുന്നു. സ്വര്‍ണം പിടികൂടുന്നതിന് മുമ്പ് പ്രതികള്‍ ശിവശങ്കറിന്റെ ഓഫീസിലെത്തി കണ്ടോയെന്ന കാര്യം കൂടി എന്‍ഐഎ സംഘം അന്വേഷിക്കുന്നുണ്ട്.

