സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പെയ്ത അതിശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശ്ശൂർ, കൊച്ചി, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്തത്.കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരി. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
മഴയിൽ കൊച്ചി നഗരത്തിന്റെ പലഭാഗത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിലും കാനകളിലും വെള്ളം നിറഞ്ഞു. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി. റോഡുകളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി ബാധിച്ചു.നേരത്തെ കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കൊച്ചി കോര്പ്പറേഷന് തയ്യാറാകണം. കലൂര്‍ ഭാഗത്തെ ഇടറോഡുകള്‍, പാലാരിവട്ടത്തെ ഇടറോഡുകള്‍, എം.ജി. റോഡിന്റെ ഇടവഴികള്‍, കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ പരിസരം തുടങ്ങിയിടങ്ങളില്‍ ആദ്യമഴയില്‍ത്തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടു. അതേസമയം കാനകളിലെ ചെളി നീക്കാന്‍ കോടികള്‍ മുടക്കി യന്ത്രങ്ങള്‍ കൊണ്ടുവന്നിട്ടും കൊച്ചി നഗരം ഇപ്പോഴും വെള്ളത്തിനടിയില്‍ പെടാൻ കാരണം കൊച്ചി കോർപ്പറേഷന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു


