പാലക്കാട്: കോട്ടയം നാഗമ്പടം പാലം ക്രെയിനുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ രാത്രി 12.40 മുതല്‍ 26 ന് രാത്രി 12.40 വരെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റംവരുത്തിയതായി റെയില്‍വേ അറിയിച്ചു. ചില എക്സ്പ്രസ്, മെമു, പാസഞ്ചര്‍ സര്‍വീസുകള്‍ പൂര്‍ണമായും മറ്റുള്ളവ ഭാഗികമായും റദ്ദാക്കി.
തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു പുറപ്പെടുന്ന കൊച്ചുവേളി-മംഗളുരു എക്സ്പ്രസ് (16347), തിരുവനന്തപുരം-മധുരൈ അമൃത എക്സ്പ്രസ് എന്നിവ ചങ്ങനാശേരി-ചിങ്ങവനം സെക്ഷനില്‍ ഒന്നര മണിക്കൂര്‍ നിയന്ത്രിക്കും. ഇന്ന് ഗാന്ധിദാമില്നിന്ന് പുറപ്പെടുന്ന ഗാന്ധിദാം-നാഗര്‍കോവില്‍ വീക്ക്ലി എക്സ്പ്രസ് (46335) ഏറ്റുമാനൂരില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും.
ഗുവാഹത്തി-കൊച്ചുവേളി സ്പെഷല്‍ (06335), ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് (12666) തുടങ്ങിയ 26 ഓളം ദീര്‍ഘദൂര സര്‍വീസുകള്‍ കായംകുളം ജങ്ഷന്, എറണാകുളം എന്നിവിടങ്ങളില്‍നിന്നും വഴിതിരിച്ചുവിടും. ഈ ട്രെയിനുകള്‍ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം റോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കി, ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. എറണാകുളം ജങ്ഷന്, ആലപ്പുഴ, ചേര്‍ത്തല, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ താല്‍ക്കാലിക സ്റ്റോപ്പുണ്ടാവും.
പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍
ആലപ്പുഴ വഴി പോകുന്ന നാഗര്‍കോവില്‍-മംഗളുരു സെന്‍ട്രല്‍-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് (16606/16505), കോട്ടയം വഴി പോകുന്ന മംഗളൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ് (16649/16650), ഷൊര്‍ണൂര്‍-തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16301/16302), കോട്ടയം, കൊല്ലം എന്നിവിടങ്ങളിലൂടെ പോകുന്ന പാലക്കാട് ജങ്ഷന്-തിരുനെല്‍വേലി-പാലക്കാട് ജങ്ഷന് പാലരുവി എക്സ്പ്രസ് (16792/16791), കോട്ടയം-നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ (56362/56363).
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
നിലമ്പൂരില്‍നിന്ന് ഇന്നു പുറപ്പെടുന്ന നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (16350) ഷൊര്‍ണൂരിനും കൊച്ചുവേളിക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കി. തിരിച്ച് 25ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന രാജ്യറാണി (16349) കൊച്ചുവേളിക്കും ഷൊര്‍ണൂര്‍ ഇന്നു
ജങ്ഷനുമിടയില്‍ റദ്ദാക്കി. ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ് (16307/16308) 25ന് ആലപ്പുഴയ്ക്കും എറണാകുളം ജങ്ഷനുമിടയില്‍ റദ്ദാക്കി.
മംഗളുരുവിലേയ്ക്ക് സ്പെഷല്‍ ട്രെയിന്‍
ഗോണ്ടിയയില്നിന്ന് മംഗളുരു ജങ്ഷനിലേക്ക് പാലക്കാട് ജംഗ്ഷന് വഴി വണ്‍വേ സ്പെഷല്‍ ട്രെയിന്‍ നാളെ സര്‍വീസ് നടത്തും. ഇന്നു രാത്രി 11ന് ഗോണ്ടിയയില്നിന്ന് പുറപ്പെടുന്ന ഗോണ്ടിയ-മംഗളു ജങ്ഷന് വണ്‍വേ സ്പെഷല്‍ ട്രെയിന്‍ (08601) നാളെ രാത്രി ഒമ്പതിന് മംഗളുരു ജങ്ഷനിലെത്തും. പാലക്കാട് ജങ്ഷനില്‍ ഉച്ചയ്ക്ക് 1.45ന് എത്തും. 1.50ന് യാത്ര തുടരും.
വൈകുന്നേരം ആറിന് കണ്ണൂരില്‍ എത്തുന്ന ട്രെയിന്‍, 6.05ന് യാത്ര തുടരും. ബലര്ഷാ, വാറംഗല്‍, വിജയവാഡ, ഗുഡൂര്‍, റെനിഗുണ്ട, ജോലാര്‍പേട്ടൈ, സേലം, കോയമ്പത്തൂര്‍, പാലക്കാട് ജങ്ഷന്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

