പത്തനംതിട്ട: പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ പത്തനംതിട്ട കോന്നിയിലാണ് സംഭവം. എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സദസിൽ നിന്ന് ഒരാൾ തനിക്കൊരു ചോദ്യമുണ്ടെന്ന് വിളിച്ചുപറഞ്ഞത്. അത് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി കർശനമായ ഭാഷയിൽ മറുപടി നൽകി.തുടര്ന്ന് അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തിരുന്നു. ചോദ്യം ചോദിച്ച പ്രവര്ത്തകന് സ്റ്റേജിനരികെ എത്തിയാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. ഇയാള് ലഹരിയിലായിരുന്നുവെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രസംഗം അലോസരപ്പെടുത്തിയ ഇയാളെ പൊലീസെത്തി ഇയാളെ പിടിച്ചുമാറ്റി പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ സോഷ്യൽമീഡിയയിലും പ്രസംഗം ചർച്ചയായിട്ടുണ്ട്. നേരത്തെ അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരന്റെ നിലപാടിനെ ‘ചെറ്റത്തരം’ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു.ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജി.സുധാകരനും രംഗത്തെത്തിയിരുന്നു.


