കേരള ബിജെപിയിൽ ഇനി രാജീവ് ചന്ദ്രശേഖറിന്റെ കാലം. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്ഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ചായിരുന്നു പ്രഖ്യാപനം.
കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. ഹിന്ദുത്വ പ്രത്യേയശാസ്ത്രം എന്ന പരമ്പരാഗത ചട്ടക്കൂടിൽ നിന്ന് മാറി ബിജെപി കേരളത്തിൽ പുതുപരീക്ഷണത്തിനാണ് ഒരുങ്ങുന്നത്. വികസനം കൂട്ടിച്ചേർത്താണ് ബിജെപി മുന്നോട്ട് പോകുന്നത്.
ഭാരതീയ ജനതാപാർട്ടിയിൽ മാത്രമാണ് ഏതൊരു സാധാരണ പ്രവർത്തകനും അതിന്റെ ഏതൊരു പദവികളിലും എത്തിച്ചേരാൻ കഴിയുന്നത് അതുകൊണ്ടുതന്നെ ആ ആനുകൂല്യമാണ് കഴിഞ്ഞ 5 വര്ഷം മുൻപ് തനിക്ക് ലഭിച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ചരിത്ര നിമിഷം എന്നാണ് പ്രള്ഹാദ് ജോഷി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷ ചുവടുവെപ്പിനെ വിശേഷിപ്പിച്ചത്.
കേരളം ബിജെപിക്ക് ബാലി കേറാമലയാണെന്നാണ് ഇതുവരെയുണ്ടായിരുന്ന പ്രതീതി. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ ഇത് ബാലി കേറാമലയല്ല കേരളത്തിലും ബിജെപിക്ക് സ്ഥാനമുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞ വര്ഷങ്ങളിലെ അനുഭവങ്ങൾ മുന്നിലുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയപരമായ വ്യതിയാനം കേരളത്തിൽ ഉണ്ടാകാൻ പോകുകയാണ്. കേവലമായ ഒരു സീറ്റിന്റെ മാത്രം വിജയമല്ല കേരളത്തിൽ ഒരു ഐഡിയോളജിക്കൽ ഷിഫ്റ്റ് വരികയാണ്. ഇത്രയും കാലം കേരളം പരീക്ഷിച്ച് പരാജയപ്പെട്ട ആശയങ്ങളിൽ നിന്ന് മാറി ഒരു പുതിയ ആശയത്തെ കേരളത്തിലെ ജനങ്ങൾ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.