പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊല കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മർദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ചിലർ തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് പറയുന്നു. നേരത്തെ കേസിൽ അഞ്ചുപേരാണ് അറസ്റ്റിലായിരുന്നത്. ഇതിന് പുറമെയാണ് കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസിൽ അറസ്റ്റിലായവർക്കെതിരെ ശക്തമായ വകുപ്പുകൾ ചേർക്കാൻ പൊലീസ് തയ്യാറായില്ല. രാം നാരായണൻ ദലിത് വിഭാഗത്തിൽ ഉൾപ്പെട്ട ആളായിട്ടും എസ്സി-എസ്ടി വകുപ്പും ആൾക്കൂട്ട കൊലപാതകം എന്ന വകുപ്പും ചേർത്തിട്ടില്ലെന്നാണ് വിവരം.
ആദ്യ മണിക്കൂറുകൾ ഉണ്ടായ അനാസ്ഥ കാരണം തെളിവുകൾ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ടായി. ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചതായി വിലയിരുത്തൽ. കഴിഞ്ഞ ബുധനാഴ്ചയാണ് രാംനാരയണ് ആള്ക്കൂട്ടകൊലപാതകത്തിനിരയാകുന്നത്. പ്രതികളെ അന്ന് തന്നെ പിടികൂടാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയാറായില്ല. പിന്നീട് 15ഓളം പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അവരെ വിട്ടയക്കുന്ന സാഹചര്യം ഉണ്ടായി. ഇതിന് ശേഷമാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. അന്വേഷണം എസ്ഐടി ഏറ്റെടുത്തതിന് പിന്നാലെയാണ് പൊലീസിന് തുടക്കത്തിൽ വീഴ്ചയുണ്ടായെന്ന കണ്ടെത്തൽ.


