എറണാകുളം: ലൈഫ് മിഷന്റെ മൂന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തറക്കല്ലിടുമ്പോള്‍ സഫലമാവുന്നത് 124 കുടുംബങ്ങളുടെ പ്രതീക്ഷകള്‍. ജില്ലയില്‍ അയ്യമ്പുഴ, കരുമാലൂര്‍, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ ആണ് ലൈഫ് മിഷന്റെ ഭവന സമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം നടക്കുന്നത്. ഭൂരഹിത ഭവന രഹിതരായിട്ടുള്ളവര്‍ക്കാണ് ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ വീടൊരുക്കുന്നത്. പത്തു മാസങ്ങള്‍ കൊണ്ട് കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. ലൈറ്റ് ഗേജ് പ്രീ -ഫാബ്രിക്കേഷന്‍ ടെക്നോളജി ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിര്‍മാണം.
487 ചതുരശ്ര അടി ആണ് ഓരോ വീടുകളുടെയും വിസ്തീര്‍ണം. 2 ബെഡ്റൂം, കുളിമുറി, അടുക്കള, ഹാള്‍ എന്നിവ അടങ്ങുന്നതാണ് ഓരോ വീടും. കൂടാതെ പ്രായമായവര്‍ക്കുള്ള പ്രത്യേക സ്ഥലങ്ങള്‍, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും. കുടിവെള്ള സൗകര്യം, മാലിന്യ നിര്‍മാര്‍ജനത്തിന് പ്രത്യേക സൗകര്യം എന്നിവയും സമുച്ചയങ്ങളില്‍ നിര്‍മ്മിക്കും.
അയ്യമ്പുഴ കുറ്റിപ്പാറയില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 158 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം നിര്‍മിക്കുന്നത്. 26651 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീരണം. 44 കുടുംബങ്ങള്‍ക്കുള്ള സൗകര്യം ഇവിടെ ഒരുക്കും. 6.29 കോടി രൂപയാണ് നിര്‍മാണ ചെലവ്.
കരുമാലൂര്‍ ബ്ലോക്ക് പള്ളത്ത് 44 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്. 1072 സെന്റ് സ്ഥലത്ത് 6.23 കോടി രൂപ ചെലവഴിച്ചാണ് ഭവന സമൂച്ചയ നിര്‍മാണം. 26655 ചതുരശ്ര അടിയാണ് ആകെ വിസ്തീര്‍ണം.
കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റിയുടെ ഉടമസ്ഥതയില്‍ ഉള്ള 107 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം നിര്‍മിക്കുന്നത്. 36 കുടുംബങ്ങള്‍ക്ക് ഇവിടെ വീടൊരുക്കും. 22130 ചതുരശ്ര അടിയാണ് ആകെ വിസ്തീര്‍ണം.


