കൊച്ചി: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പ്രധാനികളിലേക്ക് എത്തുമെന്നുറപ്പായതോടെ കസ്റ്റംസ് അന്വേഷണസംഘത്തെ പൊളിച്ചടുക്കി സ്വര്‍ണ്ണകടത്ത് മാഫിയ. കസ്റ്റംസ് സംഘത്തിലെ 8 പേരെ സ്ഥലംമാറ്റിയുള്ള ഉത്തരവിറക്കിച്ചാണ് മാഫിയ പണിതുടങ്ങിയത്. 6 സൂപ്രണ്ട് മാരെയും 2 ഇന്‍സ്പെക്ടര്‍മാരെയുമാണ് സ്ഥലം മാറ്റുന്നത്. കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്.
അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണു സൂചന. ഈ നീക്കത്തില്‍ അദ്ദേഹം കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നതരെ ശക്തമായ എതിര്‍പ്പറിയിച്ചു. ഉത്തരവിന്റെ അവസാനഭാഗത്ത് ചീഫ് കമ്മിഷണറുടെ അനുവാദത്തോടെ എന്ന് എഴുതിയിട്ടുണ്ട്. ഇതിനെ ചോദ്യംചെയ്താണ് സുമിത് കുമാര്‍ ഉന്നതങ്ങളിലേക്ക് എതിര്‍പ്പറിയിച്ചത്. തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചു, എന്നാല്‍, പിന്‍വലിച്ചിട്ടില്ല.
തുടരന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥലംമാറ്റ ഉത്തരവിനു പിന്നില്‍ സ്ഥാപിത താത്പര്യവും രാഷ്ട്രീയ ഇടപെടലുമുണ്ടെന്നാണു സൂചന. കഴിഞ്ഞദിവസം കോഴിക്കോട് ഓഫീസില്‍ സമാനമായ ഉത്തരവിറക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. എന്നാല്‍, ഉന്നത ഇടപെടലിനെപ്പോലും അവഗണിച്ചാണ് ബുധനാഴ്ച പുതിയ ഉത്തരവിറക്കിയത്. സുമിത് കുമാറിന്റെ സംഘത്തിലെ അംഗങ്ങളെ മറ്റു യൂണിറ്റുകളിലേക്കും ഡിപ്പാര്‍ട്ട്മെന്റിലേക്കുമാണ് മാറ്റിയത്. ഡെപ്യൂട്ടേഷന് കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് സ്ഥലം മാറ്റമെന്നാണ് വിശദീകരണം.


