പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. ദർശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലാണു ഭക്ഷണവും വിശ്രമവും. 3 വരെ അവിടെ ഉണ്ടാകും. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിക്കും.
ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി.. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുമുറ്റം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, രാഷ്ട്രപതി താമസിക്കുന്ന ദേവസ്വം ഗെസ്റ്റ്ഹൗസ് എന്നിവ പ്രത്യേക സുരക്ഷാ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മലകയറും മുൻപ് രാഷ്ട്രപതിക്ക് പമ്പാ സ്നാനം നടത്താൻ ത്രിവേണിയിൽ ജലസേചന വകുപ്പ് താൽക്കാലിക സ്നാനഘട്ടം ഒരുക്കിയിരുന്നു.