പരപ്പൻപൊയിൽ-കത്തറമ്മൽ റോഡരികിലെ ഒരുവീടിന്റെ രണ്ടാംനിലയിൽ വലിഞ്ഞുകയറി കിടപ്പറയിലേക്ക് എത്തിനോക്കിയ വിരുതനെ നാട്ടുകാർ കൈയോടെ പൊക്കി. കറുത്തനിറത്തിലുള്ള ടിഷർട്ടും പാൻറ്സും ചെരിപ്പുമെല്ലാം ധരിച്ചെത്തിയ ‘ബ്ലാക്ക്മാന്റെ’ മുഖംകണ്ട് നാട്ടുകാർ ഞെട്ടി.നാട്ടുകാർ മാഷ് എന്ന് വിളിക്കുന്ന യുവാവാണ് പിടിയിലായത്. കിടപ്പറയിലേക്ക് എത്തിനോക്കുന്നവരെ പിടികൂടാൻ കോരങ്ങാട് മേഖലയിൽ ‘കള്ളനെ പിടിക്കാൻ’ എന്ന പേരിലുണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പിന്റെ മുഖ്യ അഡ്മിനുമാണ് ഇയാൾ.
ഗ്രൂപ്പുണ്ടാക്കി രാത്രി ഉറക്കമിളച്ച് കാവലിരിക്കാനും ജാഗ്രതപാലിക്കാനും നാട്ടുകാരെ ഇളക്കിവിട്ടയാൾതന്നെയാണ് ഒരുവർഷത്തോളം തങ്ങളുടെ ഉറക്കംകളഞ്ഞതെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടിലെ യുവരക്തങ്ങളുടെ പിടിവിട്ടു.മാഷിനെ വേണ്ടുംവിധം കൈകാര്യം ചെയ്യാനും തീരുമാനിച്ചു. എന്നാൽ, യുവാക്കളുടെ മർദ്ദനം അതിരുകടക്കാതിരിക്കാൻ മുതിർന്നവർ ഇടപെടുകയും ‘പ്രതി’യെ സമീപത്തെ ഗോഡൗണിലേക്ക് മാറ്റുകയുമായിരുന്നു.അഡ്മിനായ യുവാവിനെ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടുകാരോ നാട്ടുകാരോ പരാതിനൽകാതിരുന്നതിനാൽ കേസെടുക്കാതെ വിട്ടയച്ചു. ഏതായാലും മൂന്നുദിവസംമുൻപുണ്ടായ ഈ സംഭവത്തോടെ നാട്ടുകാർ ‘മാഷ്’ എന്നുവിളിച്ചിരുന്നയാൾ പ്രദേശത്തുനിന്ന് സകുടുംബം മാറി.


