കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറഞ്ഞ ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെതിരെ അതിജീവിതക്കൊപ്പമുള്ളവര്‍. സുപ്രിംകോടതിയെ സമീപിക്കാനാണ് നീക്കം. ഹണി എം.വര്‍ഗീസ് ഉള്‍പ്പെടെ അഞ്ച് പേരെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായി ഹൈക്കോടതി കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് കൊളീജിയം പുതിയ പേരുകള്‍ നിര്ദേശിച്ചിരിക്കുന്നതെന്നായിരുന്നു വിശദീകരണം. പിന്നാലെയാണ് അതിജീവിതക്കൊപ്പമുള്ളവരുടെ നീക്കം. അടുത്ത ദിവസങ്ങളില്‍ തന്നെ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം.വര്‍ഗീസ്. ഇവര്‍ക്ക് പുറമെ പി.എസ്. ശശികുമാര്‍ (തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി), കെ.കെ. ബാലകൃഷ്ണന് (എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി), എന്‍. ഹരികുമാര്‍ (പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി), എസ്. നസീറ (തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി) എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.


