മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപാലയിലെ തടയണ പൊളിച്ചു നീക്കാന്‍ നേതൃത്വം നല്കിയ തഹസില്‍ദാരെ സര്‍ക്കാര്‍ സ്ഥലംമാറ്റി. ഏറനാട് തഹസില്‍ദാര്‍ പി.ശുഭനെയാണ് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് നിയമനം.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അടിയന്തരമായി കോഴിക്കോടെത്തി ചുമതലയേല്‍ക്കണമെന്ന് സ്ഥലം മാറ്റ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലത്ത് നിന്നും പ്രമോഷനോടെയാണ് പി.ശുഭന് ഏറനാട് തഹസില്‍ദാരായി നിയമിതനായത്.
അതേസമയം ഇന്നും കക്കാടാംപൊയിലിലേക്ക് പോകുമെന്നും തടയണ പൊളിച്ചു നീക്കല്‍ നടപടികള്‍ തുടരുമെന്നും പി.ശുഭന് പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തടയണ പൊളിക്കുന്നത്. അന്‍വറിന്റെ വാട്ടര്‍ തീം അമ്യൂസ്മെന്റ് പാര്‍ക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്കു വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു.
പി.വി. അന്‍വര്‍ എം.എല്‍.യുടെ സമ്മര്‍ദത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് ആക്ഷേപം. തടയണയിലെ മണ്ണു നീക്കി വെള്ളം ഒഴുക്കി വിടാനുള്ള ശ്രമമാണ് തുടക്കത്തില്‍ പുരോമിക്കുന്നന്നത്. പിന്നാലെ ബോട്ടുജെട്ടിക്ക് വേണ്ടി നിര്‍മിച്ച കോണ്‍ക്രീറ്റ് തുണുകളും റോപ്പ് വേയുടെ ഭാഗങ്ങളും പൊളിച്ചു നീക്കം. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ പൊളിച്ചുമാറ്റല്‍ വേഗത്തില്‍ പുരോഗമിക്കുബോഴാണ് നടപടി. പി. ശുഭന് പകരം പി. സുരേഷിനാണ് ഏറനാട് തഹസീല്‍ദാരുടെ ചുമതല. മറ്റു ചില സ്ഥലങ്ങളിലും തഹസീല്‍ദാര്‍മാര്‍ക്ക് സ്ഥലംമാറ്റമുണ്ട്.


