ദില്ലി: ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ഗുരുതര ലൈംഗിക പീഡനാരോപണത്തിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം കേന്ദ്ര നേതൃത്വം. ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന ആരോപണത്തിൽ എന്ത് പ്രതികരണം വേണമെന്ന തീരുമാനം എടുക്കേണ്ടത് സംസ്ഥാന ഘടകമാണ്. സംസ്ഥാന ഘടകം ചര്‍ച്ചചെയ്ത് നിലപാടിലെത്തണമെന്നും സിപിഎം കേന്ദ്ര നേതൃത്വം പറയുന്നു.
ഒന്നിന് പുറകെ ഒന്നായി വന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറി പദവി ഒഴിയാൻ കോടിയേരി സന്നദ്ധനായെന്ന വാര്‍ത്തകൾക്ക് പുറകെയാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം. രാജി സന്നദ്ധത കോടിയേരി സിപിഎം കേന്ദ്ര നേതൃത്വത്തെയോ സീതാറാം യെച്ചൂരിയേയോ അറിയിച്ചിട്ടില്ലെന്നും നേതാക്കൾ പറയുന്നു.
അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധതയറിയിച്ചെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. മകൻ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സിപിഎമ്മിനെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും വല്ലാതെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ കൂടിയാണ് സ്ഥാനമൊഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. നിര്‍ണായക നേതൃയോഗങ്ങൾക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

