ആലപ്പുഴ: ചുവപ്പുനാട ഒഴിവാക്കണമെന്നും അര്‍ഹരെ അനാവശ്യമായി നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സിവില്‍ സര്‍വീസിന്റെ എല്ലാ കണ്ണികളും പൊതുജന സേവനത്തിനുള്ളതാണ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിപ്പാട് റവന്യൂ ടവറിന്റേയും പൊലീസ് പാര്‍പ്പിട സമുച്ചയത്തിന്റേയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സിവില്‍ സര്‍വ്വീസ് ഇന്നത്തെ രീതിയില്‍ ശക്തമാകുന്നത് ബ്രിട്ടീഷുകാരുടെ കാലത്താണെന്നും അതിന്റെ പിന്തുടര്ച്ചയെന്നോണം ഒരു വിഭാഗം പുലര്‍ത്തുന്ന ഭരണ നിര്‍വ്വഹണത്തിലെ ദുഷിപ്പുകള്‍ സര്‍ക്കാരോ,ജനങ്ങളോ ആഗ്രഹിക്കുന്നതല്ല. ജനങ്ങള്‍ക്ക് എങ്ങനെ ആനുകൂല്യങ്ങള്‍ നല്കാതെയിരിക്കാമെന്ന് ചിന്തിക്കുന്ന ചിലര്‍ സര്വീസിലുണ്ട്്. അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹത മാനദണ്ഡമായി എടുത്ത് ആനുകൂല്യങ്ങള്‍ നല്കുന്നതില് കാലതാമസം ഉണ്ടാകരുത്.
അഴിമതി ഒരിടത്തും അനുവദിക്കില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി നമുക്കുണ്ടെങ്കിലും ചിലയിടങ്ങളില്‍ ആ ദുശ്ശീലം മാറിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ഏത് തസ്തികയിലിരുന്നാലും അവനവന്റെ വരുമാനത്തിനനുസരിച്ച് ജീവിക്കാന്‍ പഠിക്കണം. വലിയ ദോഷങ്ങളില്ലാത്ത ശമ്പളം ലഭിക്കുബാള് മറ്റു വഴികളിലൂടെ വരുമാനം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവരാണ് വീട്ടില്‍ കിടന്ന് ഉറങ്ങുന്നതിനു പകരം ജയിലില്‍ കിടന്നുറങ്ങേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് പാര്‍പ്പിട സമുച്ചയത്തിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി ജില്ല പൊലീസ് മേധാവി കെ.എം ടോമിക്ക് താക്കോല്‍ കൈമാറി നിര്‍വ്വഹിച്ചു. താലൂക്ക് ഓഫീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നിര്‍വ്വഹിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനായിരുന്നു.