കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്ന കരാറുകാര്‍ ഈമാസം 20 മുതല്‍ ടെന്‍ഡറുകള്‍ ബഹിഷ്കരിച്ച് പ്രക്ഷോഭം ആരംഭിക്കുകയാണന്ന് ഓള് കേരള ഗവ.കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ബെയ്സി ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് നാലായിരം കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശ്ശിഖയിനത്തില് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതിന് പുറമെ പുതിയ ഉത്തരവുകള്‍ ഇറക്കി കരാറുകാരെ ബുദ്ധിമുട്ടിക്കുകയാണന്നും ഭാരവാഹികള്‍ പറഞ്ഞു.
ഒരു കോടി രൂപയ്ക്ക് താഴെയുള്ള വര്‍ക്കുകള്‍ക്ക് ടാര്‍ സര്‍ക്കാര്‍ വാങ്ങി നല്‍കിയിരുന്നത് നിര്‍ത്തലാക്കി. കരാറുകാര്‍ എഗ്രിമെന്റ് വയ്ക്കുമ്പോള്‍ 200-രൂപയുടെ മുദ്രപത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് കരാര്‍ തുകയുടെ 0.1-ശതമാനമോ പരമാവധി ഓരു ലക്ഷം രൂപയോ ആക്കിയെന്നും, ടെന്‍ഡര്‍ നല്കുമ്പോള് നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയും ചെയ്യണം, കരാറുകാര്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ സെക്യൂരിറ്റി തുക അഞ്ച് ശതമാനമോ പരമാവധി ഒരുലക്ഷം രൂപയോ എന്നത് മാറ്റി കരാര്‍തുകയുടെ അഞ്ച് ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. കൂടാതെ വര്‍ക്കുകളുടെ സെക്യൂരിറ്റി കാലാവധി അഞ്ച് വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. പി.ഡബ്ലിയു.ഡിയില്‍ ഒരു വര്‍ഷവും, റെയില്‍വേയില്‍ മൂന്ന് മാസവുമായിരുന്നു സെക്യൂരിറ്റി കാലാവധി. ലൈസന്‍സ് പുതുക്കുന്നതിന് എ.ക്ലാസുകാര്‍ക്ക് ഒരു കോടി രൂപയും, ബി.ക്ലാസ്സിന് 50-ലക്ഷം രൂപയും, സി.ക്ലാസ്സിന് 10-ലക്ഷം രൂപയുടെ കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ നിന്നും വാങ്ങി നല്കിയാല് മാത്രമാണ് അംഗീകരിക്കുകയുള്ളു. ഈ സര്‍ട്ടിഫിക്കറ്റിന് ബാങ്കുകള്‍ ഭീമമായ തുകയാണ് സര്‍വ്വീസ് ചാര്‍ജായി ഈടാക്കുന്നതെന്നും സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്ന കരാറുകാരന് ഒരു ശതമാനം ബോണസ് നല്‍കിയിരുന്നത് നിര്‍ത്തലാക്കിയെന്നും മഴയും, പ്രളയവും, മണ്ണിടിച്ചിലും തുടങ്ങി പ്രകൃതിദുരന്തം മൂലം നിര്‍മ്മാണം വൈകിയാല്‍ പിഴ ഈടാക്കുകയാണന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇത്തരം സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഇടത്തരം കരാറുകാര്‍ക്ക് കഴിയാത്ത അവസ്ഥയാണന്നും അതുകൊണ്ടാണ് ടെണ്ടര്‍ ബഹിഷ്കരണമടക്കമുള്ള സമരത്തിലേയ്ക്ക് അസോസിയേഷന് നീങ്ങുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തിയുടെ കുടിശ്ശിഖ നല്‍കണമെന്നും പുതിയ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, ബന്ധപ്പെട്ട വകുപ്പ് മന്ത്രിയ്ക്കും നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലന്നും ആയതിനാല്‍ ടെന്‍ണ്ടറുകള്‍ ബഹിഷ്കരിച്ച് ഫെബ്രുവരി അഞ്ചിന് നിയമസഭയിലേയ്ക്ക് മാര്‍ച്ച് നടത്തുവാനും ഓള് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസ്സോസിയേഷന് തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.ഐ.സാബുവും, ജില്ലാ കമ്മിറ്റിഅംഗം എം.എ.ജോസും പങ്കെടുത്തു.


