കൊച്ചി: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനം 25 ശതമാനം വിഹിതം നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടില്ലെന്നു ദേശീയപാതാ അതോറിറ്റി (NHAI). വിഹിതം ഒഴിവാക്കാന്‍ ധാരണയായതായി മാര്‍ച്ചില്‍ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അറിയിച്ചിരുന്നു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയിലാണ് സംസ്ഥാനം വഹിക്കേണ്ട 25 ശതമാനം തുക ഒഴിവാക്കാന്‍ ധാരണയായതെന്നായിരുന്നു കെ.വി. തോമസ് പറഞ്ഞത്.
പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസ് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് അത്തരം ധാരണ ഉണ്ടായിട്ടില്ലെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ കേരളസര്‍ക്കാരിന്റെ പ്രതിനിധി കെ.വി. തോമസുമായി ചര്ച്ചനടത്തിയതിനെക്കുറിച്ച് അറിയില്ലെന്നും അത്തരം വിവരങ്ങള്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന് അറിയാമായിരിക്കുമെന്നും മറുപടിയില്‍ പറയുന്നു.
2019 ഒക്ടോബര്‍ മൂന്നിനും 2021 സെപ്റ്റംബര്‍ മൂന്നിനും സംസ്ഥാനസര്‍ക്കാരും ദേശീയപാതാ അതോറിറ്റിയും തമ്മിലുണ്ടാക്കിയ കരാര്‍പ്രകാരം ഭൂമി ഏറ്റെടുക്കാന്‍ ചെലവാകുന്നതിന്റെ 25 ശതമാനം സംസ്ഥാനസര്‍ക്കാര്‍ വഹിക്കണമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ദേശീയപാതാ അതോറിറ്റി റീജണല്‍ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നല്കിയ മറുപടിയില്‍ പറയുന്നു.