തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ് (28) മരിച്ചത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഇടുക്കി തൊടുപുഴ പൊലീസ് കള്ളക്കേസില്‍ കുടുങ്ങി പീഡിച്ചെന്നാണ് യുവാവിന്റെ ആരോപണം.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെങ്ങാനൂര്‍ സ്വദേശിയായ അമല്‍ജിത്ത് കണ്ട്രോള് റൂമിലേക്കാണ് വിളിച്ചത്. തൊടുപുഴ പൊലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും, സി.ഐ തന്റെ ജീവിതം നശിപ്പിച്ചതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നുമായിരുന്നു പറഞ്ഞത്. ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ ആദ്യഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച സംഭവത്തില്‍ തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തനിക്കെതിരെ മാത്രമാണ് കേസെടുത്തത്. ചെയ്യാത്ത കുറ്റത്തിന് 49 ദിവസം ജയിലില്‍ കിടന്നു. 17 ദിവസം മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നും യുവാവ് ആരോപിച്ചു. ജീവിതം നശിപ്പിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അമല്‍ജിത് ഫോണിലൂടെ അറിയിച്ചു.
കണ്ട്രോള് റൂമിലെ പോലീസുകാരന് ഇയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരം കണ്ട്രോള് റൂമില്‍ നിന്ന് വിഴിഞ്ഞം പൊലീസിന് കൈമാറി. വിഴിഞ്ഞം പൊലീസ് വീട് കണ്ടെത്തി എത്തിയപ്പോഴേക്കും അമല്‍ജിത് മരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കുള്‍പ്പടെ പൊലീസുമായി നടത്തിയ ഫോണ്‍ സംഭാഷണം അയച്ചു നല്‍കിയിരുന്നു.
എന്നാല്‍ അമല്‍ജിത് തൊടുപുഴ സ്വദേശിയായ സ്ത്രീയുമായി പ്രണയത്തിലായിരുന്നുവെന്നും, ഇവരുടെ ഭര്‍ത്താവിനെ ആക്രമിച്ച സംഭവത്തിലാണ് കേസെടുത്തതെന്നും തൊടുപുഴ പോലീസ് വിശദീകരിക്കുന്നു. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


