പാലക്കാട്: പാലക്കാട് ധോണി മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്ന പിടി സെവന് കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിന് ആരംഭം. പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യസംഘം ദൗത്യത്തിനായി സജ്ജരായെങ്കിലും ആറേകാലോടെയാണ് ഇവര്‍ വനത്തിലേക്ക് പ്രവേശിച്ചത്. ധോണി കോര്‍മയ്ക്ക് അടുത്ത് അരിമണി ഭാഗത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്.
രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം ദൗത്യത്തിന് ഇറങ്ങിയിരിക്കുന്നത്. ആനയെ ട്രാക്ക് ചെയ്യുകയും ആന ഇപ്പോള്‍ നില്ക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാന്‍ പറ്റിയതാണോ എന്ന് പരിശോധിക്കലുമാണ് ആദ്യസംഘത്തിന്റെ ചുമതല. വനാതിര്‍ത്തിയില്‍ ആന പ്രവേശിച്ചാല്‍ ഉടന്‍ വെടിവയ്ക്കാനാണ് സംഘത്തിന്റെ നീക്കം. മയക്കുവെടി വയ്ക്കാന്‍ ഡോ അരുണ്‍ സക്കറിയയും ഫോറസ്റ്റ് സ്റ്റേഷനില്‍ സജ്ജനാണ്.
ഉള്‍ക്കാടിലോ ജനവാസമേഖലയിലോ വച്ച് ആനയെ വെടിവയ്ക്കില്ല. ആന പുറത്തേക്ക് ഇറങ്ങിയാല്‍ രണ്ടാമത്തെ സംഘം മയക്കുവെടി വെയ്ക്കും. കുങ്കിയാനകളെ ഇറക്കാതെ തന്നെ മയക്കുവെടി വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മയക്കുവെടിയേറ്റ ശേഷം 45 മിനിറ്റ് കൊണ്ടു മാത്രമേ ആന മയങ്ങൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത്രസമയം കൊണ്ട് ഏഴര കിലോമീറ്റര്‍ വരെ ആനകള്‍ ഓടിയ ചരിത്രമുണ്ട്. അതിനാല്‍ ആന ജനവാസമേഖലയിലേക്കോ മറ്റോ നീങ്ങുന്ന പക്ഷം കുങ്കിയാനകളെ ഇറക്കി കൊമ്പനെ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് വനംവകുപ്പിന്റെ തന്ത്രം.
ധോണി ഫോറസ്റ്റ് സ്റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലമാണ് പുലര്‍ച്ചെ ആനയെ കണ്ടെത്തിയ അരിമണി പ്രദേശം. പൂര്‍ണമായും ജനവാസമേഖലയല്ല എങ്കിലും വ്യാപകമായി കൃഷി നടക്കുന്ന സ്ഥമാണിത്. ആദ്യസംഘത്തിന്റെ നിര്‍ദേശത്തിനായി നിലവില്‍ രണ്ടാം സംഘം ഫോറസ്റ്റ് സ്റ്റേഷനില്‍ കാത്തിരിക്കുകയാണ്. ദൗത്യം തുടങ്ങിയാല്‍ അഞ്ച് സംഘമായി പിരിഞ്ഞാവും ഇവരുടെ ബാക്കി നീക്കം.


