തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാര്‍ എസ്ഐടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ.
ഉണ്ണികൃഷ്ണന് പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്ഐടി. കേസില്‍ എട്ടാം പ്രതിയായി പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. കെ ടി ശങ്കര്‍ദാസ്, പാലവിള എന്‍.വിജയകുമാര്‍ എന്നിവരായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍.
എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.
ഉണ്ണികൃഷ്ണന് പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.


