രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി എന്ന വാര്‍ത്തക്കെതിരെ പരാതിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. എഴുതാത്ത കത്തിന്റെ പേരില്‍ വ്യാജ വാര്‍ത്ത വന്നെന്നും വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കാണ് സുധാകരന് പരാതി നല്‍കിയത്. തന്റെ പേരില്‍ വന്ന കത്തിന്റെ നിജസ്ഥിതി അന്വേഷിക്കണം. രാഷ്ട്രീയമായി തകര്‍ക്കാന്‍ നീക്കമെന്ന് സംശയമുണ്ട്. കത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധതയറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കഴിഞ്ഞദിവസം സുധാകരന് പറഞ്ഞിരുന്നു. തന്റെ പേരില്‍ ഇപ്പോള്‍ പുറത്ത് വരുന്ന കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണ്. ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തില്‍ നിന്നാണ് വന്നതെന്ന് അന്വേഷിക്കും.
അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ പുറത്ത് വരുന്നത്. ഒരു പരിശോധനയും ഇല്ലാതെ ഇത്തരമൊരു വാര്‍ത്ത നല്‍കിയതിന് പിന്നില്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്ന ഗൂഢലക്ഷ്യം ഏഷ്യാനെറ്റ്, 24 ന്യൂസ് പോലുള്ള മാധ്യമങ്ങള്‍ക്ക് ഉള്ളതായി സംശയിക്കുന്നുവെന്നും സുധാകരന് പറഞ്ഞിരുന്നു.


