ആലുവ: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ നടന് ടിനി ടോം ആഹ്വാനം ചെയ്തതായി ആരോപിച്ച് ജില്ലാ പോലീസ് മേധാവിക്ക് ബിജെപി നേതാവിന്റെ പരാതി. പ്രധാനമന്ത്രിയെ വധിക്കണമെന്ന് താരം തന്റെ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് ആരോപിച്ചാണ് ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു കരിയാട് പരാതി നല്‍കിയിരിക്കുന്നത്.
പൗരത്വ ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും നിലപാട് സ്വീകരിക്കാന്‍ ഏതൊരു പൗരനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ രാജ്യത്ത് കലാപവും അക്രമവും നടത്താന്‍ പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഈ സാഹചര്യത്തില്‍ ടിനി ടോമിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. മുന്‍പൊരു നാട്ടില്‍ അക്രമാസക്തമായ ജനക്കൂട്ടം അവിടുത്തെ പ്രധാനമന്ത്രിയെ കൊന്നുതിന്നു എന്ന് എഴുതിയിട്ടുള്ള ഒരു ചിത്രമാണു ടിനി ടോം ഫേസ്ബുക്കില്‍ പങ്കുവച്ചത്.


