ശബരിമലയിലേത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഈ മാസം 17 ആണ് വൃശ്ചികം 1. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പത്താം തീയതിയാണ്.സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടത്. യുഡിഎഫിന്റെ കാലത്ത് ഉമ്മൻചാണ്ടി പമ്പയിൽ പോയി ഇരുന്നിട്ടാണ് എല്ലാ കോർഡിനേഷനും നടത്തിയിരുന്നത്. എന്നാൽ ഇവിടെ ആരും ഒരു ചുക്കും ചെയ്തില്ല. ആഗോള അയ്യപ്പ സംഗമം നടത്തിയവർ ഇത്തവണത്തെ മണ്ഡലകാലം മനഃപൂർവ്വം വികലമാകുകയാണ് ചെയ്തത്.
പോക്കറ്റ് വികസിച്ചത് എൽഡിഎഫുകാരുടെ മാത്രമാണെന്നും വി ഡി സതീശൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വർണ്ണം വരെ കൊള്ളയടിച്ചു. മൂന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരും മന്ത്രിമാരും അഴിക്കുള്ളിലാകും. ശരിയായ അന്വേഷണം നടത്തിയാൽ നടപടി വരും. ശബരിമലയിൽ സ്ഥിതി ഭയാനകം എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ പറയുന്നു. സീസൺ തയ്യാറെടുപ്പ് നടത്താൻ എന്തായിരുന്നു തടസമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സീസൺ സർക്കാർ വികലം ആക്കി. കുടിവെള്ളമോ ടോയ്ലെറ്റ് സംവിധാനമോ ഇല്ലായിരുന്നു. പമ്പ മലിനമായി എന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.

