കൊച്ചിയില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ എന്‍ഐഎയുടെ പിടിയിലായി. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട ഒമ്പത് പേരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായതെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.
മുര്‍ഷിദ് ഹസന്, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന് എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിട്ടനിര്‍മ്മാണ തൊഴിലാളികള്‍ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാള്‍ സ്വദേശികളും കൊച്ചിയില്‍ താമസിച്ചിരുന്നത് എന്നാണ് വിവരം. മിനിഞ്ഞാന്ന് രാത്രി തന്നെ ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് എന്‍ഐഎയുടെ ഉന്നതഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു.
ഇവരില്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായി സംശയമുണ്ട്. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്. ഇവരുമായി ബന്ധപ്പെട്ട് കേരളത്തില്‍ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളില്‍ റെയ്ഡും അന്വേഷണവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇവര്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നുവെന്നും വിവരം പുറത്തുവരുന്നുണ്ട്.
ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു.


