കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വ്യാജരേഖ ആദ്യമായി ഇന്റര്‍നെറ്റിൽ അപ്ലോഡ് ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദ്യത്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സിറോ മലബാർ സഭയിലെ ഒരു വൈദികൻ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്നാണ് ആദിത്യന്റെ മൊഴി. സഭയിൽ കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുക ആയിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. പ്രതിയെ അല്പസമയത്തിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ നിർമിച്ചത് ആദിത്യൻ ആണെന്നും തേവരയിലെ കടയിൽവെച്ചാണ് വ്യാജരേഖ തയ്യാറാക്കിയതെന്നും പൊലീസ് പറയുന്നു. ഇതിന് ഉപയോഗിച്ച കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കേസിൽ മുരിങ്ങൂർ സാൻജോ പളളി വികാരി ഫാദർ ടോണി കല്ലൂക്കാരനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ ദിവസം രാത്രി വികാരിയെ കസ്റ്റഡിയിലെടുക്കാൻ ആലുവ പൊലീസ് എത്തിയിരുന്നെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു.


