കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയെ വീട്ടിലും കടപ്പുറത്തും എത്തിച്ച് തെളിവെടുത്തു. കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ കൊന്ന സ്ത്രീയോട് അങ്ങേയറ്റം വൈകാരികമായാണ് നാട്ടുകാരും വീട്ടുകാരും പ്രതികരിച്ചത്. വീട്ടിലെത്തിച്ച ശരണ്യയ്ക്ക് നേരെ പാഞ്ഞടുത്ത പിതാവ് പിന്നീട് വീടിനകത്ത് കുഴഞ്ഞു വീണു. വീടിനകത്തും പിന്നെ കടപ്പുറത്തും തെളിവെടുപ്പിന് എത്തിച്ച ശരണ്യയ്ക്ക് നേരെ അസഭ്യ വര്‍ഷവുമായി നാട്ടുകാരും ബന്ധുക്കളും എത്തി.
സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ ശരണ്യയെ കായികമായി നേരിടനായി സംഘടിച്ചെത്തിയെങ്കിലും അതിവേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് ശരണ്യയുമായി മടങ്ങുകയായിരുന്നു. നേരത്തെ കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലും നിന്നും ശരണ്യയെ പുറത്തിറക്കിയപ്പോള്‍ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന വീട്ടമ്മമാരും ഇവര്‍ക്ക് നേരെ ആക്രോശവുമായി പാഞ്ഞടുത്തിരുന്നു. കടപ്പുറത്തും വീട്ടിലും പൊലീസ് കൊണ്ടു വന്നപ്പോള്‍ ശരണ്യ ഭാവഭേദങ്ങളൊന്നുമില്ലാതെ എങ്ങനെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതെന്ന കാര്യം പൊലീസിന് വിവരിച്ചു കൊടുത്തു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പോരും വഴി തെറിവിളികളുമായി സ്ത്രീകളും നാട്ടുകാരും അടക്കമുള്ളവരെ ശരണ്യയെ പിന്തുടര്ന്നു.
ക്രൂരകൃത്യം ചെയ്ത തന്റെ മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛന് വത്സരാജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാല്‍ അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. അത്രയും സ്നേഹമുള്ള കുഞ്ഞിനെയാണ് ശരണ്യ കൊന്നു കളഞ്ഞത്. കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങള്‍ക്കാര്‍ക്കും വേണ്ടെന്നും ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും വത്സരാജ് കണ്ണീരോടെ പറഞ്ഞു.


