ഇടുക്കി: ശബരിമലയിലേക്ക് യുവതികളെ കൊണ്ടുവരുന്നു എന്നാരോപിച്ച് ഇടുക്കി വള്ളകടവില്‍ ടൂറിസ്റ്റ് ബസ് തടഞ്ഞ സംഭവത്തില്‍ ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇരുപതിധികം പേരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനെത്തിയതെന്ന് ആരോപിച്ചായിരുന്നു ശബരിമല കര്‍മസമിതി ഏറെ നേരം പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ്സ് തടഞ്ഞിട്ടത്. സ്ത്രീകളുള്‍പ്പടെയുള്ള സംഘമാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. എല്ലാവരും തമിഴ്നാട് സ്വദേശികളായിരുന്നു. ഗവിയിലേക്ക് പോവുകയായിരുന്നു ഇവര്‍. രാവിലെ മുതല്‍ സന്നിധാനത്തേക്ക് യുവതികളെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ പലയിടത്തായി തമ്പടിച്ചിരിക്കുകയാണ്. പലയിടത്തും കെഎസ്ആര്‍ടിസി ബസ്സുകളും മറ്റ് സ്വകാര്യവാഹനങ്ങളും തടഞ്ഞ് പരിശോധിച്ചാണ് ഇവര്‍ കടത്തിവിടുന്നത്. മുപ്പതോളം വരുന്ന സംഘമാണ് പുല്ലുമേട്ടില്‍ വച്ച് ബസ് തടഞ്ഞത്. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരാണെന്നും സ്ത്രീകളെയും കൊണ്ട് ശബരിമലയിലേക്ക് പോകുകയാണോ എന്ന് പരിശോധിക്കാനാണ് കയറിയതെന്നും പറഞ്ഞാണ് ഇവര്‍ ബസ്സിലേക്ക് കയറിയത്. തുടര്‍ന്ന് ബസ്സിലുള്ള എല്ലാവരുടെയും രേഖകള്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ വാങ്ങി പരിശോധിച്ചു. ഏറെ നേരം ബസ്സ് തടഞ്ഞിടുകയും ചെയ്തു. സംശയം മാറ്റാതെ ഇവരെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു കര്‍മസമിതിയുടെ നിലപാട്.