തിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന കര്‍ഷക അവാര്‍ഡ്ദാന ചടങ്ങില്‍ വൈകിയെത്തിയ കൃഷി ഡയറക്ടര്‍ എ.ആര്. അജയകുമാറിനെ മാറ്റി. അവാര്‍ഡ് ദാന ചടങ്ങിനു നേതൃത്വം കൊടുക്കേണ്ട ഐഎഎസ് ഉദ്യോഗസ്ഥന് വൈകിയെത്തിയതിലുള്ള കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അതൃപ്തിയാണു അജയകുമാറിന്റെ കസേര തെറിപ്പിച്ചത്. അജയകുമാറിനു പകരം ചുമതല നല്‍കിയിട്ടില്ല.
പകരം കൃഷി ഡയറക്ടറുടെ അധികചുമതല കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ക്കു കൃഷി ഡയറക്ടറുടെ അധിക ചുമതല നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ആഴ്ച ആലപ്പുഴയില്‍ നടന്ന കാര്‍ഷക അവാര്‍ഡ് ദാന ചടങ്ങിലാണു ഡയറക്ടര്‍ വൈകിയെത്തിയത്.
തലേ ദിവസം തന്നെ ആലപ്പുഴയിലെത്തി ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കേണ്ട ഐഎഎസ് ഉദ്യോഗസ്ഥന്, അവാര്‍ഡ്ദാനം സമ്മേളനം ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിച്ച് ഉദ്ഘാടകനായ മന്ത്രി ജി. സുധാകരന് പ്രസംഗിച്ചു കൊണ്ടിരിക്കേയാണു വേദിയിലെത്തിയത്. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ എക്സിബിഷന് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ രാവിലെ 11 മുതല്‍ ഇവിടെയുണ്ടായിരുന്നു. വകുപ്പിന്റെ സുപ്രധാന പരിപാടിയില്‍ ഡയറക്ടര്‍ വൈകിയെത്തിയതിലെ അതൃപ്തി മന്ത്രി വി.എസ്. സുനില്‍കുമാറാണ് അറിയിച്ചത്. ഉത്തരവാദിത്വം ഇല്ലാതെയാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെയും വകുപ്പു തലവന്മാരുടെയും പെരുമാറുന്നതെന്നും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും മറ്റു ചില മന്ത്രിമാരും മന്ത്രിസഭയില്‍ ആവശ്യപ്പെട്ടു.