കൊല്ലം: പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. പള്ളിമണ്‍ സ്വദേശി ആദര്‍ശാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുവായ മുഖ്യപ്രതി രാമന് കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആദര്‍ശിനെ രാമനും സംഘവും രാത്രിയില്‍ വിളിച്ചിറക്കുകയായിരുന്നു. വാക്കേറ്റത്തിനിടെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തിന് കുത്തിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. ആദര്‍ശിന്റെ നിലവിളികേട്ട് ഓടിയെത്തിയവര്‍ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രാമന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി കൊല്ലപ്പെട്ട ആദര്‍ശ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂട്ടു പ്രതികളായ ജ്യോതി, സുനി എന്നിവര്‍ ഒളിവിലാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആദര്‍ശിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.


