മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണി മുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.86 അടി ആയതോടെയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുള്‍പ്പെടെ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പുയര്‍ന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.
കക്കി- ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിക്ക് ശേഷം തുറക്കും. നാല് ഷട്ടറുകളില്‍ 2 എണ്ണമാണ് തുറക്കുക. 100 മുതല്‍ 200 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പയില്‍ 10-15 സെന്റിമീറ്റര്‍ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ മുന്നറിയിപ്പ് നല്കി. മിതമായ തോതിലാകും ജലം തുറന്നു വിടുകയെന്ന് ജില്ലാ കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ അറിയിച്ചു.
പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം പമ്പ ത്രിവേണിയില്‍ എത്തും. പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. പമ്പാ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്മെന്റ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റാന്‍ തഹസീല്‍ദാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. വനത്തിനുള്ളില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ വികസന ഓഫിസര്‍ക്കുമാണ് ചുമതല.


