അമ്മയുടെ ഓപ്പറേഷന് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തു. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന് കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. യുവതിയെ ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ചേരാനല്ലൂര്‍ പൊലീസ് വ്യക്തമാക്കി.

