നവോത്ഥാന സംരക്ഷണത്തിന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഒരേ മനസോടെ മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ അത് കേരളത്തില്‍ വലിയ മുന്നേറ്റമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന മൂല്യം തകര്‍ക്കുന്നതിനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. ഇങ്ങനെ ശ്രമിക്കുന്നവര്‍ ചില്ലറക്കാരല്ല. നവോത്ഥാന മൂല്യ സംരക്ഷണവും ബോധവത്കരണവുമായി മുന്നോട്ടു പോകുമ്പോള്‍ അത് വിജയിക്കരുതെന്ന് അവര്‍ ചിന്തിക്കും. ഇക്കൂട്ടര്‍ വലിയ പ്രതിരോധം ഉയര്‍ത്തും. ഇത്തരം ശക്തികള്‍ക്ക് പ്രചാരണ രംഗത്ത് വലിയതോതില്‍ സ്വാധീനം ഉറപ്പിക്കാനാവുന്നു. നവോത്ഥാന സമിതിയില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരുണ്ട്. എന്നാല്‍ നവോത്ഥാന മൂല്യ സംരക്ഷണം പ്രത്യക്ഷത്തില്‍ ഒരു രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. കക്ഷിരാഷ്ട്രീയ ഭിന്നതയുടെ ഭാഗമായി നവോത്ഥാന മൂല്യ സംരക്ഷണത്തെ കാണാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ ജില്ലാടിസ്ഥാനത്തില്‍ ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ കാമ്പസുകളിലും അതിനോടനുബന്ധിച്ചും ഒക്ടോബറില്‍ നവോത്ഥാന സെമിനാറുകള്‍ നടത്തും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള നവോത്ഥാന നായകരുടെ സ്മൃതിമണ്ഡപങ്ങളിലേക്ക് ഡിസംബറില്‍ സ്മൃതിയാത്ര നടത്താനും തീരുമാനമായി. ജില്ലാതല സംഗമങ്ങള്‍ വിപുലമായ രീതിയില്‍ ജനപങ്കാളിത്തത്തോടെ നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സമിതി ചെയര്മാന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കൂടുതല്‍ വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കുമെന്ന് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. ജില്ലകളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നതിനുള്ള ചുമതലക്കാരെ യോഗത്തില്‍ നിശ്ചയിച്ചു.
സമിതി ഭാരവാഹികളായ സി. പി. സുഗതന്, പി. രാമഭദ്രന്, പി. ആര്. ദേവദാസ്, ബി. രാഘവന്, അഡ്വ. കെ. ശാന്തകുമാരി, മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ, പി. അബ്ദുള്‍ ഹക്കീം ഫൈസി, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ സംഘടകളെ പ്രതിനിധീകരിച്ച് 75ഓളം പേര് പങ്കെടുത്തു.
പി. എസ്. സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനം
പി. എസ്. സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്നും യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിന്റെ മറവില്‍ പി. എസ്. സിയെ ആകെ ആക്ഷേപിക്കുന്ന വാര്‍ത്തകളാണ് വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണ സമതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തയിലെ പല കാര്യങ്ങളും തെറ്റാണെന്ന് പിന്നീട് എല്ലാവര്ക്കും മനസിലായി. അനേകായിരങ്ങള്‍ ആശ്രയിക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ലാഘവത്വം കാണിച്ചിട്ടില്ല. കര്‍ക്കശ നടപടിയെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്ന പരാതി ഉണ്ടായിട്ടില്ല.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ശരിയാകണമെന്നില്ല.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ശരിയാകണമെന്നില്ല. മാധ്യമ വാര്‍ത്തകളുടെ പിന്നാലെ പോയാല്‍ വിഷമത്തിലാകും. കഴിഞ്ഞ ദിവസം നടന്ന പോലീസ് യോഗത്തില്‍ പോലീസുകാര്‍ ആര്. എസ്. എസിന്റെ ഒറ്റുകാരാണെന്ന് അഭിപ്രായപ്പെട്ടു എന്നതരത്തിലാണ് ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നത്. ഇത് ശുദ്ധ കളവാണ്. പോലീസിന്റെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയില്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.


