ശബരിമല: വൃശ്ചിക പുലരിയിൽ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. വിർച്വൽ ബുക്കിങ് വഴി ഒരു ദിവസം 70000 തീർഥാടകർക്കാണ് ദർശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഡിസംബർ രണ്ടു വരെയുള്ള ബുക്കിങ് പൂർത്തിയായി. ചെങ്ങന്നൂർ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
പുലർച്ചെ മൂന്ന് മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. നട തുറന്നതിനുശേഷം നിർമ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയും നടന്നു. നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക് ഹരിവരാസനം പാടി അടക്കുകയും ചെയ്യും.
ഇന്ന് വൃശ്ചികപുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. സന്നിധാനത്തേയ്ക്കുള്ള കാനന പാതകൾ ഇന്നു തുറക്കും. എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്ന് പുല്ലുമേട് വഴിയുമുള്ള പാതകളാണ് തീർഥാടകർക്കായി ഇന്നു തുറക്കുക.


