കോട്ടയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ മരണം ആറായി. ഇന്ന് മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പിന്നാലെ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു
ക്ലാരമ്മ ജോസഫ് (65), സിനി (35), മകള്‍ സോന (10) എന്നിവരാണ് കൂട്ടിക്കലില്‍ ദുരിതപ്പെയ്ത്തില്‍ ഇന്നലെ മരിച്ചത്. ഇനി ആറ് പേരെയാണ് കണ്ടെത്താനുള്ളത്. രക്ഷാദൗത്യത്തിനായി 40 അംഗ കരസേന സംഘം കൂട്ടിക്കലെത്തി.
കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഫയര്‍ഫോഴ്സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നത്. കോട്ടയം ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ഉം മീനച്ചില്‍ താലൂക്കില്‍ 13ഉം ക്യാമ്പുകള്‍ തുറന്നു. കോട്ടയം ജില്ലയില്‍ വൈദ്യുതി വിതരണം താറുമാറായ അവസ്ഥയിലാണ്.
ഇടുക്കിയിലെ കൊക്കയാറില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്. ഇവരില്‍ 4 പേര് കുട്ടികളാണ്. ഇവരെ കണ്ടെത്താനുള്ള തെരച്ചിലും തുടരുകയാണ്. തൊടുപുഴ കാഞ്ഞാറില്‍ കഴിഞ്ഞ ദിവസം കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര് മരിച്ചിരുന്നു. ഇതോടെ ഈ രണ്ട് ദിവസത്തിനിടെ പേമാരിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായി.


