കണ്ണൂർ ചെങ്ങളായിൽ നിന്നും കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു.വെനീഷ്യൻ പ്രഭുക്കൻമാരുടെ നാണയങ്ങളും, മലബാറിലെ രാജവംശങ്ങൾ ഉപയോഗിച്ച നാണയങ്ങളുമാണ് കൂട്ടത്തിൽ. നിധി കണ്ടെത്തിയ സ്ഥലത്ത് ഇനി പരിശോധന വേണ്ടെന്നാണ് പുരാവസ്തുവകുപ്പിന്റെ പ്രാഥമിക തീരുമാനം. ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടിൽ ഉപയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. ആർക്കിയോളജി വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി.
ബോംബെന്നും കൂടോത്രമെന്നും സംശയിച്ച ചെങ്ങളായിയിലെ നിധി. കഴിഞ്ഞ വ്യാഴാഴ്ച മഴക്കുഴി കുഴിച്ചുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ കൈയിൽ കിട്ടിയത്. ഒടുവിലാ നിധിയുടെ ചുരുളഴിയുന്നു. പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന പൂർത്തിയായി. നിധിക്ക് 200 വർഷത്തിനടുത്ത് പഴക്കമുണ്ടെന്നാണ് സ്ഥിരീകരണം.19 മുത്തുമണി, 14 സ്വര്‍ണലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരുപാത്രം എന്നിവയാണ് കണ്ടുകിട്ടിയത്.


