സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് സി പി എമ്മെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം. സമരം തീർക്കാൻ ഇടപെട്ടത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസെന്നും വെളിപ്പെടുത്തൽ. സമകാലിക മലയാളത്തിലെഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തൽ. ”സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?” എന്നായിരുന്നു ഫോണിൽ വിളിച്ച് ബ്രിട്ടാസ് തന്നോട് ചോദിച്ചത്.
നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പത്രസമ്മേളനം വിളിച്ചു പറഞ്ഞാൽ മതി എന്നായിരുന്നു ആവശ്യമെന്നും ജോണ് മുണ്ടക്കയം വെളിപ്പെടുത്തി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യമെന്നും ലേഖനത്തിൽ പറയുന്നു.മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ.തുടർന്ന് ഉമ്മൻചാണ്ടിയെ വിളിച്ചു. ഒത്തുതീർപ്പ് ഫോർമുല യു ഡി എഫ് അംഗീകരിക്കുകയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിക്കുകയും ചെയ്തു. എൻ കെ പ്രമേചന്ദ്രനാണ് ഇടതുപ്രതിനിധിയായി ചർച്ചയിൽ പങ്കെടുത്തത്. കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. തുടർന്ന് ധാരണാപ്രകാരമാണ് ഉമ്മൻചാണ്ടി വാർത്താസമ്മേളനം വിളിച്ചത്.