കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നിന്നു സ്വതന്ത്രയായി മല്‍സരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിക്കെതിരെ പൊലീസ് അതിക്രമമെന്നു പരാതി. 14നു രാത്രി ഇവര്‍ പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഒട്ടിക്കലുകളും മറ്റും കഴിഞ്ഞ് താമസിക്കുന്ന ലോഡ്ജിനടുത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങുമ്പോള്‍ രണ്ടു പൊലീസ് ജീപ്പുകള്‍ എത്തി തടഞ്ഞശേഷം അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് കലക്ടര്‍ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയത്.

ഇന്റര്‍സെക്സ് വ്യക്തിത്വമായ ചിഞ്ചു അശ്വതി എന്ന അശ്വതി രാജപ്പനാണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കേരളത്തില്‍ നിന്നു ലോക്സഭയിലേയ്ക്ക് മല്‍സരിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയാണ് അശ്വതി രാജപ്പന്. തന്റെ ദളിത്, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും സഞ്ചാര സ്വാതന്ത്ര്യം തടയുകയും നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് അശ്വതി ഉന്നയിക്കുന്നത്.


