തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് മാറ്റത്തിനെന്ന സൂചന നൽകി സിപിഎം. സർക്കാർ നിലപാട് തിരുത്തേണ്ടത് ആണെങ്കിൽ തിരുത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
ചില വിഷയങ്ങളിൽ പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സർക്കാരിന് സ്വീകരിക്കേണ്ടി വരുമെന്നും പുനഃപരിശോധന ഹരജി പരിഗണിക്കുന്ന ഘട്ടത്തിൽ ആലോചിച്ച് നിലപാട് എടുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടിയും പ്രതികരിച്ചു.
എന്നാൽ യുവതി പ്രവേശനത്തിൽ സമയമാകുമ്പോൾ നിലപാടെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. ഇപ്പോൾ പറയാനുള്ള സമയം ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കുന്നത് ഭരണഘടനാ വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമെന്നാണ് തീരുമാനം. സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന നിലപാട് എടുക്കണമെന്ന സമ്മർദം സർക്കാരിന്മേൽ ശക്തമാണ്. നിലപാട് അറിയിക്കും മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരുമായും സംസാരിക്കണമെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.


