കൂട്ടാലിട: കോഴിക്കോട് വിവാദമായ ചെങ്ങോട്ടുമല ഖനനത്തിനെതിരെ പ്രദേശവാസികള്‍ പഞ്ചായത്തോഫീസിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പ്രദേശവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ നടപ്പാക്കുകയില്ലെന്ന് കലക്റ്റർ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി പറഞ്ഞു.
ചെങ്ങോട്ടുമല ഖനനത്തെ കുറിച്ച് സമരസമിതിയുമായി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളും പുരുഷൻ കടലുണ്ടി എംഎൽഎയുടെ സാന്നിധ്യത്തിൽ, ജില്ലാ കളക്ടർ സാംബശിവറാവു വിശദമായ ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
പ്രദേശവാസികളുടെ ആശങ്കകൾ യോഗം വിശദമായി ചർച്ച ചെയ്തു. ദ്രുതഗതിയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കില്ലെന്നും ജില്ലാ കലക്ടർ ഉറപ്പ് നല്കി. എല്ലാ വാദഗതികളും പരിഗണിച്ച ശേഷം നിയമപ്രകാരം മാത്രമേ പ്രശ്നത്തിൽ നടപടികൾ എടുക്കൂ. കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കാനായി എത്രയും പെട്ടെന്ന് സ്ഥലം സന്ദർശിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.


