കണ്ണൂര്‍: കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ വിവാദമാകുന്നു. പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രം സ്ത്രീ വിരുദ്ധമാണെന്നാണ് ആക്ഷേപം.

‘ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി’ എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീകൾ ഒരിക്കലും മുൻനിരയിലേക്ക് വരരുതെന്നും അവർ പോയാൽ ഒന്നും നടക്കില്ലെന്നും അതിനു പുരുഷന്മാർ തന്നെ പോകണമെന്നുമാണ് വിഡിയോയുടെ ഉള്ളടക്കമെന്നാണ് ആരോപണം.
സ്ത്രീകൾ എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന ഇക്കാലത്ത് ഇത്തരത്തിലൊരു ആഹ്വാനവുമായി സുധാകരൻ രംഗത്തെത്തിയിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ അടക്കം വിവാദമാകുകയാണ്.
ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുധാകരൻ വിഡിയോ പങ്കുവച്ചത്. ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാർലമെന്റിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല……..” ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി”. ഇതായിരുന്നു വിഡിയോയ്ക്കൊപ്പം സുധാകരൻ കുറിച്ച തലക്കെട്ട്.
ഇതു കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതി ടീച്ചറെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആക്ഷേപം. രൂക്ഷമായ ഭാഷയിലാണ് വിഡിയോയ്ക്ക് പ്രതികരണങ്ങൾ ലഭിക്കുന്നത്.


