ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ എ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതെ സിപിഐഎം. എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും. കുറ്റപത്രം സമര്‍പ്പിച്ച ശേഷം നടപടിയില്‍ തീരുമാനമെടുക്കും. പത്മകുമാര്‍ നല്കിയ വിശദീകരണം സമഗ്രമായി പരിശോധിക്കാനും സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.
പാര്‍ട്ടി പദവികളില്‍ നിന്ന് പത്മകുമാറിനെ പൂര്‍ണമായി നീക്കണമെന്നാണ് ആവശ്യമുയര്‍ന്നിരുന്നത്. പാര്‍ട്ടി നടപടി പ്രഖ്യാപിക്കും മുമ്പേ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. പത്മകുമാറിനെ ഇതുവരെ പൂര്‍ണമായി തള്ളിക്കളയാനോ പൂര്‍ണമായി ഉള്‍ക്കൊള്ളാനോ തയ്യാറാകാത്ത പാര്‍ട്ടി ഇനി എന്ത് നിലപാടാകും ഇക്കാര്യത്തില്‍ എടുക്കുക എന്നത് വലിയ ആകാംഷയുണ്ടായിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രം വന്നതിന് ശേഷമാകാം പത്മകുമാറിനെതിരായ നടപടിയെന്നാണ് മുന്‍പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉള്‍പ്പെടെ പറഞ്ഞിരുന്നത്.


