തിരുവനന്തപുരം: പുനലൂരില്‍ അപകടത്തില്‍പ്പെട്ട, വിദേശത്തുനിന്ന് അടുത്തിടെ എത്തിയ ആള്‍ക്ക് കൊറോണയെന്ന് സംശയം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. വിദേശത്തുനിന്ന് വന്നതിനാല്‍ വീട്ടില്‍ കോറന്റൈനില്‍ കഴിയാന്‍ ഇയാളോട് നിര്‍ദേശിച്ചിരുന്നു.
അത് ലംഘിച്ചാണ് ഇയാള്‍ പുറത്തിറങ്ങുകയും വാഹനം അപകടത്തില്‍പ്പെടുകയും ചെയ്തത്. പുനലൂരില്‍ വെച്ച് ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച ഇയാളെ അവിടെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. മെഡിക്കല്‍ കോളജില്‍ ഇയാളെ ചികിത്സിച്ച കാഷ്വാലിറ്റി, സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇയാളെ തുടര്‍ ചികിത്സയുടെ ഭാഗമായി അസ്ഥിരോഗ വിഭാഗത്തിലും സര്‍ജറി വിഭാഗത്തിലും കൊണ്ടുപോയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കൊറോണ സംശയിച്ച് നിരീക്ഷണത്തിലാക്കിയിരുന്ന ആളാണ് ഇയാളെന്ന വിവരം അറിയുന്നത്. അപ്പോള്‍ തന്നെ ഇയാളെ ഐസൊലേഷനിലേക്ക് മാറ്റി. പി.ജി ഡോക്ടര്‍മാര്‍, ഹൗസ് സര്ജന്മാര് മറ്റ് ഡോക്ടര്‍മാര്‍ എന്നിങ്ങനെ ഇയാളുമായി സമ്ബര്‍ക്കം ഉണ്ടായിട്ടുള്ള ജീവനക്കാര്‍ അടക്കമുള്ളവരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പുനലൂര്‍ സ്വദേശിയായ ഇയാളുടെ മകനും പനിയും കോവിഡ് 19 ലക്ഷണവുമുണ്ട്.


