ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ചേര്‍ന്നിട്ടുള്ള വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസവാവധിയും ഹാജര്‍ സംബന്ധിച്ച ഇളവുകളും അനുവദിക്കുന്നതിന് ഉചിതമായ ചട്ടങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാന്‍ എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ടതായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി).
പ്രസവാവധി 240 ദിവസങ്ങളായി വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് യുജിസി നിര്‍ണായക തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്. പിഎച്ച്ഡി വിദ്യാര്‍ത്ഥിനികള്‍ക്ക് മുമ്പ് ആറ് മാസമായിരുന്നു പ്രസവാവധി ആയി നല്‍കിയിരുന്നത്. അത് 8 മാസമായി ദീര്‍ഘിപ്പിച്ചിരിക്കുകയാണ്.
‘എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അതത് സ്ഥാപനങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും ചേര്‍ന്നിട്ടുള്ള വനിതാ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ നിയമങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു, കൂടാതെ ഹാജര്‍ സംബന്ധിച്ച എല്ലാ ഇളവുകളും നല്‍കാനും പരീക്ഷ ഫോം സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടാനും അഭ്യര്‍ത്ഥിക്കുന്നു. യുജി, പിജി പ്രോഗ്രാമുകള്‍ പിന്തുടരുന്ന വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫോമുകളോ മറ്റേതെങ്കിലും സൗകര്യമോ ആവശ്യമാണെന്ന് കരുതപ്പെടുന്നു,” യുജിസി വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്കും അവധി കിട്ടും. ചട്ടം രൂപീകരിക്കാന്‍ എല്ലാ സര്‍വകലാശാലകള്‍ക്കും യുജിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥിനികള്‍ക്കും അവധി ബാധകമാക്കാന്‍ യുജിസിയുടെ നിര്‍ദേശമുണ്ട്.


