മാധ്യമപ്രവര്ത്തകന് എസ്.വി. പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. അപകടം അറിഞ്ഞിരുന്നുവെന്ന് ഡ്രൈവര്‍ ജോയി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയത് ഭയന്നിട്ടെന്ന് ഡ്രൈവര്‍ ജോയിയുടെ മൊഴി. അപകട സമയത്ത് ഉടമ മോഹനനും ഒപ്പമുണ്ടായിരുന്നുവെന്നും ജോയ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇയാളെയും വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
വെള്ളയാണിയില്‍ ലോഡ് ഇറക്കിയ ശേഷം തൃക്കണ്ണാപുരം വഴി പേരൂര്‍ക്കടയിലെത്തിയ വണ്ടി അപകടത്തെ തുടര്‍ന്ന് ഈഞ്ചയ്ക്കലിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനത്തിന്റെ ഉടമയെയും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. മണലുമായി പോകുന്നതിനിടെയാണ് ലോറി പ്രദീപിന്റെ സ്കൂട്ടറിന്റെ പിന്നിലിടിച്ചത്. സ്കൂട്ടറിന് പിന്നില്‍ ലോറി ഇടിച്ചതോടെ പ്രദീപ് റോഡിലേക്ക് വീഴുകയും പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഡ്രൈവര്‍ക്കെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനവും വാഹനം ഓടിച്ചിരുന്ന ഡ്രൈവറും പൊലീസ് ഇന്ന് ഉച്ചയോടെ കസ്റ്റിഡിയിലെടുത്തിരുന്നു. ഈഞ്ചക്കല്‍ നിന്നാണ് ലോറി പിടികൂടിയത്. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ലോറി കണ്ടെത്തിയത്. പേരൂര്‍ക്കട സ്വദേശിയാണ് പിടിയിലായ ജോയി. പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജോയിയെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപചന്ദ്രന് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിപക്ഷവും ബന്ധുക്കളും ദുരൂഹതയുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരിക്കുന്നതിനാല്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. പ്രദീപിന് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെന്നും വിദേശത്ത് നിന്നും ഭീഷണികള്‍ ഫോണിലൂടെയും മറ്റും വന്നിരുന്നുവെന്ന് കുടുംബം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


