തിരുവനന്തപുരം: അനാവശ്യ ഹര്‍ത്താലുകള്‍ക്കെതിരെ കേരള വ്യാപാര വ്യവസായി സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാര്‍ച്ച് നടത്തി. ബി.ജെ.പി ആഹ്വാനം ചെയ്ത ജില്ലാ – സംസ്ഥാന ഹര്‍ത്താലുകളെ തുടര്‍ന്ന് വില്ക്കാന് കഴിയാതെ ചീഞ്ഞുപോയ പച്ചക്കറികളും പഴങ്ങളും സെക്രട്ടേറിയറ്റിന് മുന്നിലെ റോഡില്‍ നിരത്തിയും ലോട്ടറി ടിക്കറ്റുകള്‍ വാരിവിതറിയുമാണ് വ്യാപാരികള്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

പാളയം മാര്‍ക്കറ്റില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന എസ്. ജലീലിന്റെ കടയില്‍ വില്‍ക്കാതെ കിടന്ന പച്ചക്കറികളും പഴങ്ങളുമാണ് പ്രതിഷേധത്തിന്റെ ഭാഗമായി റോഡില്‍ നിരത്തിയത്. രണ്ട് ഹര്‍ത്താലുകളില്‍ കട പൂട്ടിയിടേണ്ടി വന്നതിനെ തുടര്‍ന്ന് ജലീലിന് 30,000 രൂപയുടെ നഷ്ടമാണുണ്ടായത്. ജില്ലയിലെ മറ്റ് കച്ചവടക്കാര്‍ക്കുണ്ടായ നഷ്ടത്തിന്റെ കണക്ക് വിലയിരുത്തി വരുന്നതേയുള്ളൂവെന്ന് വ്യാപാരികള്‍ പറഞ്ഞു.


