സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എല്‍ഡിഎഫ് യോഗത്തില്‍ ഏകദേശം 40 മിനിറ്റ് സമയമെടുത്ത് മുഖ്യമന്ത്രി പൊലീസ് അതിക്രമത്തെക്കുറിച്ച് സ്വമേധയാ വിശദമായ മറുപടി നല്‍കുകയായിരുന്നു. മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് പരാതി ഇപ്പോള്‍ ഉയരുന്നുവെന്നും ഉടനടി തന്നെ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് തുടങ്ങിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് ഉടനീളം ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്ന് പറയുന്നത് അവാസ്തവമാണ്. ഒറ്റപ്പെട്ട പരാതികള്‍ ഉയരുമ്പോള്‍ അതിനെ പര്‍വതീകരിച്ച് കാണിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കൂടി അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നതെന്നും മുഖ്യമന്ത്രി സംസാരത്തിനിടെ സൂചിപ്പിച്ചു.


