വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി അഗ്നി രക്ഷാസേന. ചൂരല്‍ മലയിലെ വെള്ളാര്‍മല സ്കൂളിന് പിന്നിലെ പുഴയോരത്താണ് നോട്ട് കെട്ടുകൾ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകള്‍ക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു.
പ്ലാസ്റ്റിക് കവറിലായതിനാല്‍ കാര്യമായ കേടുപാടുകൾ ഒന്നുമില്ല. എന്നാൽ, നോട്ട് ചെളിയിൽ മൂടിയ നിലയിലാണ്. 500 നോട്ടുകളുടെ ഏഴ് പാക്കറ്റുകളും 100 നോട്ടിൻ്റെ അഞ്ച് പാക്കറ്റുകളുമാണ് കണ്ടെത്തിയത്. കെട്ടുകളുടെ എണ്ണം പരിശോധിച്ചതിൽ നിന്നാണ് നാലു ലക്ഷം രൂപയുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്.
തുടര്‍ നടപടികള്‍ക്കായി പൊലീസ് തുക ഏറ്റെടുത്തു. ദുരന്തത്തില്‍ അകപ്പെട്ടവരുടെ നിരവധി പേരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിരുന്നു. എവിടെയോ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന പണമാണിതെന്ന് കരുതുന്നു. തുക സ്ഥിരീകരിക്കുമെന്നും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


