ഇന്നലെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് പൂക്കുഞ്ഞ് എന്ന സാധാരണക്കാരനാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ ജീവിതം മാറിമറിഞ്ഞ ഒരു സാധാരണക്കാരന്. മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിനെ തേടിയെത്തിയത് 70 ലക്ഷം രൂപയുടെ ജാക്പോട്ട് ആണ്. പൂക്കുഞ്ഞിനെപോലും ഞെട്ടിച്ചാണ് ഭാഗ്യം കടന്നുവന്നത്. ഒരു മണിക്കാണ് കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തത്. രണ്ടു മണിയ്ക്ക് പൂക്കുഞ്ഞിന്റെ വീട്ടില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസെത്തി. ആകെ വിഷമിച്ചിരിക്കുന്ന സമയത്താണ് പൂക്കുഞ്ഞിനെ തേടി മൂന്നരയ്ക്ക് ആ വാര്‍ത്ത എത്തുന്നത്. 70 ലക്ഷം രൂപയുടെ ലോട്ടറിയാണ് പൂക്കുഞ്ഞിനെ തേടിയെത്തിയത്.
ബാങ്കിന്റെ ജപ്തി നല്കിയ അതേ ബാങ്കില്‍ത്തന്നെ ടിക്കറ്റ് കൈമാറിയിരിക്കുകയാണ് പൂക്കുഞ്ഞ്. സമ്മാനം അടിച്ച ടിക്കറ്റുമായി വ്യാഴാഴ്ച രാവിലെ പൂക്കുഞ്ഞും ഭാര്യ മുംതാസും ബാങ്ക് ശാഖയിലെത്തി ടിക്കറ്റ് കൈമാറി. ഒന്‍പതുലക്ഷം രൂപയാണ് ഭവനവായ്പ കുടിശ്ശികയായി ബാങ്കിന് നല്‍കാനുള്ളത്. കൂടാതെ മറ്റ് കടങ്ങളും തീര്‍ക്കാനുണ്ട് പൂക്കുഞ്ഞിന്. ഇതെല്ലാം തീര്‍ത്ത് ചെറിയ ബിസിനസുമായി ജീവിതം ഇനി മുന്നോട്ട് നീക്കണം എന്നാണ് പൂക്കുഞ്ഞിന്റെ ആഗ്രഹം.
ബുധനാഴ്ച മണിക്കൂറുകള്ക്കിടയിയിലാണ് പൂക്കുഞ്ഞിന്റെ ജീവിതത്തില്‍ അവിശ്വസനീയമായ ഈ സംഭവങ്ങള്‍ നടക്കുന്നത്. എ.ഇസഡ്. 907042 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നെന്നും എന്നാല്‍ ആപത്ത്ഘട്ടത്തില്‍ സഹായിച്ച ദൈവത്തിന് നന്ദി പറയുകയാണെന്നും പൂക്കുഞ്ഞ് പറയുന്നു.


